Browsing "Older Posts"

Home » story

ഹൃദയത്തില്‍ നിന്നുള്ള ഒരു പ്രണയലേഖനം

-പണ്ടൊരിക്കല്‍ എസ്.എം.എസില്‍ തുടങ്ങി കൊഴിഞ്ഞുപോയ പ്രണയത്തില്‍ ഇന്നീ കത്തിന് വലിയ വിലയൊന്നും കാണില്ല എന്നറിയാം. എങ്കിലും മനസ് എഴുതാന്‍ പ്രലോഭിപ്പിച്ചതുകൊണ്ടും, ഒരിക്കല്‍ എനിക്ക് എന്‍റെതാണെന്ന് തോന്നിയ മുഖം, വര്‍ഷങ്ങള്‍ കൊണ്ട് എന്‍റെ ഹൃദയത്തില്‍ ജനിച്ച് ഇന്നും ജീവിക്കുന്ന മുഖം ഒരിക്കല്‍ മറ്റാരെയോ തേടി മായ്ഞ്ഞുപോയപ്പോള്‍ ഹൃദയത്തില്‍ കൊത്തിവച്ച രൂപം മായ്ക്കാന്‍ പറ്റാത്തത് കൊണ്ടും മാത്രം എഴുതുന്നു.-

-സ്നേഹിച്ചു ചതിക്കുന്ന മുഖങ്ങള്‍ക്ക് പൊതുവേ പറയാനുള്ള കഥകള്‍ക്കപ്പുറം നിനക്കേറെയിന്നു പറയാനുണ്ടെന്നു എനിക്കറിയാം. ഒരിക്കല്‍ ജീവനുതുല്യം സ്നേഹിക്കുന്നതായി അഭിനയിച്ചു എന്നില്‍ നിന്ന് പറിച്ചെടുത്തു നീ മറ്റാര്‍ക്കോ കൊടുത്ത പ്രണയം നിന്നെയിന്ന് ഒറ്റക്കാക്കിയെങ്കില്‍ അതില്‍ നിന്നെ കൊണ്ടെത്തിച്ചത് മരിക്കാത്ത ഓര്‍മ്മകളെ തേടിയലയുന്ന എന്നെ പലപ്പോഴും പലതില്‍ നിന്നും തടഞ്ഞിട്ടുള്ള വിധിയെന്ന നിഴല്‍ രൂപമാണ്.-

-ഇന്ന് നീയും എന്നെപ്പോലെ തനിച്ചാണ്, കാലം നിന്‍റെ മനസ്സില്‍ ബാക്കിവച്ച ഓര്‍മ്മകളില്‍ ഞാനില്ലെങ്കിലും, എന്നെ വേട്ടയാടുന്ന ആ മുഖം നീയായതുകൊണ്ടും എന്‍റെ പ്രണയം സത്യമായിരുന്നതുകൊണ്ടും എന്‍റെ കയ്യെത്താ ദൂരത്തുള്ള നിന്നെ ഞാനെന്‍റെ ജീവിതത്തിലേക്ക് കൈകള്‍ നീട്ടി ഒന്നുകൂടി തിരിച്ചു വിളിക്കുന്നു. അന്ധത നിന്നെ വിട്ടു പോയിട്ടുണ്ടെങ്കില്‍ നിനക്ക് വരാം ചതിയെന്തെന്നു അറിയാത്ത ലോകത്തിലേക്ക്‌.-

(ഒരു സുഹൃത്തിന്‍റെ ജീവിതത്തില്‍ നിന്ന് കടമെടുത്ത് എഴുതിയത് )
Monday, 10 March 2014

സോമന്‍റെ വെള്ളമടി

സോമന്‍ ക്രിസ്ത്മസിന്‍റെ തലേന്ന് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളീലെത്തി.

സോമന്‍റെ കുമ്പസാരം മൊത്തം കേട്ട് വായും പൊളിച്ചിരുന്ന പാവം അച്ഛന്‍ ഇറങ്ങി വന്നപ്പോള്‍ കടുവാക്കൂട്ടില്‍ എത്തിപ്പെട്ട സിംഹത്തിന്‍റെ അവസ്ഥയാരുന്നു

അല്ലേ ആ ഉപമ വേണ്ട ''നിയമസഭയില്‍ അറിയാതെ ചെന്നുകയറിയ ഒരു സാധാരണക്കാരന്‍റെ അവസ്ഥ'' ആരുന്നു

ഒടുവില്‍ അച്ഛന്‍ സോമനെ അടുത്തു വിളിച്ചു ഉപദേശിച്ചു

അച്ഛന്‍ : മോനെ സോമാ, നീയിനി മദ്യപിക്കരുത്.

സോമന്‍ : വെള്ളമടിചില്ലേ എന്‍റെ കയ്യും കാലും വിറക്കും അച്ചോ.

അച്ഛന്‍ : എങ്കില്‍ എന്നും വിളക്ക് വെക്കുമ്പോ ഒരു കപ്പ് കള്ളുകുടിച്ചോ സോമാ. അങ്ങനെ പതിയെ പതിയെ നിര്‍ത്താലോ.

സോമന്‍ : ആയിക്കോട്ടെ അച്ചോ ഡീല്‍.

അച്ഛന്‍ : അതെന്നാ സോമാ അവസാനം ''ഡീല്‍'' എന്ന് പറഞ്ഞെച്ചു കൈ മോളിലേക്ക് പൊക്കി കാണിച്ചേ.

സോമന്‍ : അതുപിന്നെ ഏഷ്യാനെറ്റില്‍ എന്നും വൈകിട്ട് ഒരു പെങ്കൊച്ചു വന്നിങ്ങനെ പോക്കിക്കനിക്കാറുണ്ട് അച്ചോ.

അച്ഛന്‍ : അച്ഛന്‍ ഒന്നും മനസിലാകാതെ പിന്നെയും വാ പൊളിച്ചു തലയാട്ടി റ്റാ റ്റാ പറഞ്ഞു.

അങ്ങനെ എന്നും സന്ധ്യക്ക്‌ വിളക്ക് കത്തിക്കുമ്പോ ഒരു കപ്പ് കള്ളുകുടിച്ചോളാന്‍ അച്ഛന്‍ പറഞ്ഞുവിട്ട സോമന്‍റെ വീട്ടില്‍ പിന്നെ വിളക്ക് അണഞ്ഞിട്ടെ ഇല്ല................
Thursday, 30 January 2014

എന്‍റെ ക്രിസ്ത്മസ്


-അങ്ങനെ എന്‍റെ 26-മത്തെ ക്രിസ്ത്മസും വരവായി. പണ്ട് കുട്ടിക്കാലത്ത് ഡിസംബര്‍ മാസം രാവിലെ എണീക്കുക എന്നത് ഒരുപാട് മടിയുള്ളൊരു കാര്യമായിരുന്നു. പക്ഷെ അതിലും മടി ആ അസ്ഥിയിലേക്ക് കുത്തിയിറങ്ങുന്ന തണുപ്പില്‍ കുളിക്കുക എന്നതായിരുന്നു. കുളിച്ചു യൂണീഫോം ഒക്കെയിട്ട് സ്കൂളില്‍ പോകുമ്പോള്‍ ഉള്ളം കയ്യൊക്കെ തണുത്ത് മരവിചിരിക്കും, ഇടയ്ക്കു വീണുകിട്ടുന്ന ഇളം വെയിലില്‍ പോകാന്‍ മടിച്ചു നില്‍ക്കുന്ന കാമുകിയെപ്പോലെ എന്നെ പുണരുന്ന കുളിരിനോടൊട്ടി കുറച്ചു നേരം അങ്ങനെ നില്‍ക്കുമാരുന്നു-

-പരീക്ഷയൊക്കെ കഴിഞ്ഞു ക്രിസ്ത്മസിനു മുന്നേ ഉള്ള ദിവസങ്ങള്‍ അന്നത്തെ എന്‍റെ സ്വര്‍ഗമായിരുന്നു, ക്രിസ്ത്മസ് തലേന്ന് രാവിലെ ചന്തക്ക് പോകും പിന്നെ ഇറച്ചി കടയുടെ മുന്നിലെ നീണ്ട ക്യൂവിലുള്ള നില്‍പ്പാണ്, ചിലപ്പോള്‍ മണിക്കൂറുകളോളം നിക്കേണ്ടി വരും. അതുകഴിഞ്ഞ് കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളു വാങ്ങാനായി ഒരല്‍പം പേടിയോടെ കള്ളുഷാപ്പിലേക്കുള്ള പോക്ക്-

-അതുകൊണ്ട് വീട്ടില്‍ കൊടുത്ത് വീണ്ടും ടൌണിലേക്ക് ഓടും, പടക്കങ്ങളും , കമ്പിത്തിരികളും, മത്താപ്പൂവും, പുല്‍ക്കൂട്ടില്‍ തൂക്കാനുള്ള ബലൂണുകളും ഒക്കെ വാങ്ങി പോയതിലും സ്പീഡില്‍ വീട്ടില്‍ തിരിച്ചെത്തും-

-ഈറ്റ കമ്പുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്‍ക്കൂട്‌ അപ്പുറത്തെ പശു ഉള്ള വീട്ടില്‍ നിന്നും മേടിച്ച കച്ചി പുല്ലു കൊണ്ട് മേയും, പുല്‍ക്കൂട്ടിനുള്ളില്‍ മണല് വിതറി പ്ലാസ്റ്റിക് കൂട് കൊണ്ട് അരുവിയുണ്ടാക്കി ഉണ്ണിയെശുവിനെയും, മാതാവിനെയും, ഔസേപ്പിതാവിനെയും, ആടുകളെയും ആട്ടിടയന്മാരെയുമൊക്കെ അതാതു സ്ഥാനങ്ങളില്‍ വെക്കും. മാലാഖയെ നൂലില്‍ കെട്ടിതൂക്കിയിടും. പിന്നീട് മേടിച്ച ബലൂണ്‍ വീര്‍പ്പിച്ചു എല്ലായിടത്തും തൂക്കും-

-ഒരിടത്ത് മിന്നുമ്പോള്‍ അപ്പുറത്ത് കെടുന്ന ബള്‍ബുകള്‍ കൊണ്ട് പുല്‍ക്കൂടും അതിനടുത്തായി കമ്പികളില്‍ പടര്‍ന്നു കയറിയ എവര്‍ഗ്രീന്‍ ചെടിയും അലങ്കരിക്കും, രാത്രിയാകുമ്പോള്‍ ഇടയ്ക്കിടക്ക് ഞാനുണ്ടാക്കിയ പുല്‍ക്കൂടിനു മുന്നില്‍ ചെന്ന് നിന്ന് അതിന്‍റെ സൌന്ദര്യം ആസ്വദിക്കുമ്പോള്‍ കിട്ടിയിരുന്ന ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല-

-പിന്നെ മേടിച്ച പടക്കങ്ങള്‍ പൊട്ടിച്ചു തീര്‍ക്കുകയാണ് അടുത്ത ജോലി, അതിലും ഞാന്‍ തന്നെയായിരുന്നു മുന്നില്‍. അതിനടയില്‍ ചെണ്ടയും കൊട്ടി പാട്ടും പാടി വരുന്ന കാരോള്‍ സന്‍ഖത്ത്തിലെ ക്രിസ്ത്മസ് അപ്പൂപ്പനെ ഇമ വെട്ടാതെ നോക്കി നിക്കും, വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞു നില്‍ക്കുന്ന പുല്‍ക്കൂടും, തണുപ്പും, പൊട്ടിതീര്‍ന്ന പടക്കങ്ങളുടെ ചിതറി കിടക്കുന്ന അവശിഷ്ട്ടങ്ങളും, അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന അവയുടെ വെടിമരുന്നിന്‍റെ ഗന്ധവും എല്ലാം എല്ലാം ഒരോര്‍മ്മ മാത്രമായി-

-ഇന്ന് പുല്‍ക്കൂടും, ക്രിസ്ത്മസ് ട്രീയും എന്തിനേറെ നമ്മളടക്കം റെഡിമെയിഡ് ആണ്. ക്രിസ്ത്മസ് രാവുകളില്‍ തണുപ്പിനു പകരം കൊടും ചൂടാണ്. എല്ലാം യാന്ത്രികമായി ആഘോഷിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള നെട്ടോട്ടവും. ഇന്ന് ഒരു കുപ്പി കള്ളിലും ഫേസ്ബുക്കിലുമാണ് നമ്മുടെ ക്രിസ്ത്മസ് ആഘോഷങ്ങള്‍-

-എന്തായാലും എല്ലാവര്‍ക്കും എന്‍റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളില്‍ കുതിര്‍ന്ന റെഡിമെയിഡ് ക്രിസ്ത്മസ് ആശംസകള്‍-
Monday, 23 December 2013

ടിന്റുമോന്‍റെ ആത്മഹത്യ


-പെണ്ണുങ്ങളുടെ മാനം കളയാതെ ഒടുവില്‍ ടുണ്ടുമോള്‍ ടിന്റുമോനെ വിട്ടു വേറൊരുത്തന്‍റെ കൂടെ പോയി. ഇതറിഞ്ഞ ടിന്റുമോന്‍ ആണുങ്ങളുടെ മാനം കളയാതെ ഒടുക്കത്തെ നിരാശയില്‍ തൂങ്ങി വെള്ളമടിച്ചു സമയം തള്ളി നീക്കുന്ന കാലം-

-ഒരു ദിവസം സ്വാമി അടിച്ചു നിരാശയില്‍ ലയിച്ചിരുന്ന ടിന്റുമോന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ എങ്ങനെ മരിക്കും എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ആയ ടിന്റുമോനോട് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു ചോദിക്കാന്‍ തലക്കുള്ളിലുള്ള ''സ്വാമി'' ഉപദേശിച്ചു-


-ടിന്റുമോന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ പോസ്റ്റി-

-''സുഹൃത്തുക്കളെ ഒടുവില്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു ആരെങ്കിലും എനിക്ക് എളുപ്പത്തില്‍ മരിക്കാനുള്ള വഴി പറഞ്ഞുതരാമോ..........?''-

--

--

-ടിന്റുമോനു 395 ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഇതേവരെ ഒരൊറ്റ ലൈക്കും കമ്മന്റും കിട്ടാത്ത ടിന്റുമോന്‍റെ ഈ പോസ്റ്റിനു ചട പടാ ലൈക്കും കമന്റും വീഴാന്‍ തുടങ്ങി-

-കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ 396 നോട്ടിഫിക്കേഷന്‍ കണ്ടു ഞെട്ടിയ ടിന്റുമോന്‍ അത് തുറന്നു നോക്കിയപ്പോള്‍ 395 ഫ്രണ്ട്സും വൈവിധ്യമാര്‍ന്ന ആത്മഹത്യാ രീതികള്‍ സന്തോഷത്തോടെ ദോണ്ടെ :D <-- ഈ സ്മൈലൈ ഇട്ടു വര്‍ണ്ണിച്ചിരിക്കുന്നത് വായിച്ചു മടുത്ത ടിന്റുമോന്‍ അവസാനത്തെ കമന്റ്‌ കണ്ട് കരഞ്ഞുപോയി-

-അതിങ്ങനെ ആരുന്നു-

--

--

--

--

--

--

-എത്രയും പ്രിയപ്പെട്ട ടിന്റുമോന്‍, നീ ഇങ്ങനെയൊന്നും ചിന്തിക്കുകയേ അരുത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നീ ഭൂമിയില്‍ പത്തിരുന്നൂറോ മുന്നൂറോ വര്‍ഷം സുഖമായി ജീവിക്കണം, ഒരു ടുണ്ടുമോള്‍ പോയാല്‍ നിനക്ക് ഞാന്‍ നൂറു ടുണ്ടുനെ കൊണ്ട് തരും.

എന്ന്,
കാലന്‍
യമലോകം-

(പാവം കാലന്‍ ടിന്റുമോന്‍റെ ഈ പോസ്റ്റ്‌ കണ്ടു ഉടനെതന്നെ ഒരു ഫെസ്ബുക് അക്കൗണ്ട്‌ തുടങ്ങി ഈ കമന്റ്‌ ഇട്ടു, അങ്ങേര്‍ക്കറിയാം ഈ മൊതല് ചത്ത്‌ അങ്ങ് മോളില്‍ ചെന്നാല്‍ അവിടം കുളംതോണ്ടുമെന്ന്)

NB: ഇതൊരു തമാശയാണ്. ചിരി വന്നില്ലെങ്കിലും എല്ലാരും ഇക്കിളിയിട്ടെങ്കിലും ചിരിക്കുമെന്നു പ്രതീക്ഷിക്കുന്നു __/'\__
Sunday, 15 December 2013

അവള്‍



-ശോക ഭാവത്തില്‍ വിസയെന്ന പുതിയ കാമുകിക്കായി കാത്തിരുന്ന്, വിസ വന്നപ്പോള്‍ ആക്രാന്തത്തോടെ ഗള്‍ഫിലേക്ക് പുറപ്പെട്ട് ഒടുവില്‍ മരുഭൂമിയിലെത്തി ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെ പോലെ ഗൂഗിളില്‍ കൂടി കേരളം കണ്ട് ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുന്ന ഒരു പ്രവാസിയുടെ മനസോടെ ജീവിതത്തില്‍ ഒറ്റയ്ക്ക് പകച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്-

-അന്ന് ഞാനെവിടെ തിരിഞ്ഞ് നോക്കിയാലും ഗൃഹാതുരത്വം എന്ന ഭീകരജീവി എന്നെ പല്ലിളിച്ചു കാണിക്കുമായിരുന്നു. ഒരു കൂട്ടം ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് മനസിലൂടെ പലവുരി പ്രവാസ ജീവിതം നയിച്ച എന്‍റെ ജീവിതത്തിലേക്ക് അന്ന് പതിവില്ലാതെ ഒരു ഫോണ്‍ കോളിന്‍റെ രൂപത്തില്‍ അവള്‍ കടന്നുവന്നു. അവള്‍ എന്ന് പറയുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും തെറ്റിധരിച്ചേക്കാം അവളെന്‍റെ കാമുകിയാണെന്ന് പക്ഷെ ഇവള്‍ എന്‍റെ കാമുകിയല്ല.-

-അങ്ങേത്തലക്കല്‍ കിളി ശബ്ദം കെട്ട എന്‍റെ മനസിലും അന്ന് പൊട്ടി ഒരു ലഡ്ഡു. ആ പൊട്ടിയ ലഡ്ഡുവിന്‍റെ മാധുര്യം നുണഞ്ഞുകൊണ്ട് ഞാനവളോട് അന്ന് ഒരുപാടൊന്നും സംസാരിച്ചില്ലെങ്കിലും പിന്നീടെ പതുക്കെ പതുക്കെ അവളൊരു നിയോഗം പോലെ എന്നോട് അടുത്തുകൊണ്ടേയിരുന്നു. പിന്നീട് പലപ്പോഴും തമ്മില്‍ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട് അതിപ്പോ എത്ര നാള്‍ ആണെന്ന് അവളോട്‌ ചോദിച്ചാല്‍ കൃത്യമായി പറഞ്ഞുതരും കാരണം അവളുടെ ഡയറി താളുകളില്‍ ഞാനെന്ന വ്യക്തി ഇന്നും ജീവിക്കുന്നു. ഇനിയിപ്പോ ഞാന്‍ തട്ടിപ്പോയാലും ആ ഡയറിയില്‍ ഞാനെന്നും ജീവിക്കും എന്നെനിക്കുറപ്പുണ്ട്-

-ഇന്നവള്‍ എനിക്കാരെന്ന് ചോദിച്ചാല്‍ അവള്‍ പറയുന്നതുപോലെ എനിക്കതിനൊരു ഉത്തരമില്ല. അവളുടെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷാദം മറക്കാന്‍ അവള്‍ പുഞ്ചിരി എന്ന മൂടുപടം എടുത്ത് അണിഞ്ഞെക്കുവാണെന്ന് അവളെ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. പുഞ്ചിരിയിലൂടെ കരയുന്ന, ഒരു നര്‍ത്തകിയുടെ ചിലങ്കയില്‍ നിന്ന് താളത്തിനനുസരിച്ച് ഇടവിട്ടുയരുന്ന മുഴക്കം പോലത്തെ ശബ്ദമുള്ള, ഇടവിടാതെ സംസാരിക്കുന്ന അവളെനിക്ക്‌ ആരാണ്...............?-

''--ജീവിതമെന്ന യാത്രയില്‍ പലയിടത്തുനിന്നും വീണുകിട്ടിയ ഇതുപോലുള്ള ചുരുക്കം ചില സുഹൃത്തുക്കളിലൂടെ ഞാനും അറിയുന്നു സൌഹൃതത്തിന്‍റെ മഹത്വം--''
Saturday, 30 November 2013

നിലവിളക്കും ഓഞ്ഞ ബൈക്കും


-ഒരു പഴയകാല പ്രണയം-
---------------------------------
-നിലവിളക്കിന്‍റെയടുത്തു കരിവിളക്ക് വച്ചതുപോലെ തന്‍റെ ഒരിക്കലും തേക്കാത്ത പല്ല് കാട്ടി ബാബുമോന്‍ ദേവൂനെ നോക്കി പല്ലിളിച്ചുകാണിച്ചു, പതിവുപോലെ അവളവനെ നോക്കി കൊഞ്ചനം കുത്തിക്കാണിച്ചു (നീ പോടാ ശവീ എന്നര്‍ത്ഥം) കൂട്ടുകാരികളോടൊപ്പം നടന്നകന്നപ്പോള്‍ എത്ര ചീകിയിട്ടും അടങ്ങിയിരിക്കാത്ത  ബാബു മോന്‍റെ ഷോക്ക്‌ അടിച്ചതുപോലുള്ള മുടി നിരാശപൂണ്ട് തല താഴ്ത്തി-

-ന്യൂ ജെനെറെഷന്‍ പ്രണയം-
-------------------------------------
-ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലവിളക്ക് കാണാന്‍ ഇല്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റിന്‍റെ അടുത്ത് വോള്‍ട്ടേജ് ഇല്ലാതെ കത്തുന്ന സാദാ ബള്‍ബ് വച്ചതുപോലെ ടിട്ടു മോന്‍ തന്‍റെ ഓള്‍ട്ടെര്‍ ചെയ്ത, നമ്മുടെ കെ. എസ്. ആര്‍. ടി. സി. യെ തോല്‍പ്പിക്കുന്ന ഡിസൈന്‍ ഉള്ള ഓഞ്ഞ ബൈക്കില്‍ ചീറിപ്പഞ്ഞു വന്ന് ഒരു ''യോ-യോ'' പറഞ്ഞപ്പോളെക്കും പ്രിയമോള്‍ അവന്‍റെ ബൈക്കിന്‍റെ പുറകില്‍ കേറിയിരുന്നു ഗാഡമായി പുണര്‍ന്നുകൊണ്ട്  അവന്‍റെ പോക്കെറ്റിലെ തിളങ്ങുന്ന നോട്ടുകളെ ഒന്നൊളിഞ്ഞു നോക്കി പല്ലിളിച്ചുകാണിച്ചപ്പോള്‍ ഒരിക്കലും ചീകാത്ത ടിട്ടുമോന്‍റെ ഷോക്ക്‌ അടിച്ചതുപോലുള്ള മുടി മനസ്സില്‍ പൊട്ടിയ ലഡ്ഡു നുണഞ്ഞിറക്കുകയായിരുന്നു-
Saturday, 14 September 2013

എന്‍റെ പ്രണയം

എന്‍റെ പ്രണയം
 
നവമ്പറിലെ ഒരു സായാഹ്നത്തിലാണ് നിന്നെ ഞാനാദ്യമായി കാണുന്നത്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ ഒരിളം കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ച നിന്നെ ശല്യപ്പെടുത്തിക്കൊണ്ട് പാറി പറന്ന നിന്‍റെ മുടിയാണ് ആദ്യമെന്‍റെ കണ്ണില്‍ പെട്ടത്. പിന്നീട് ആ മുടിയുടെ ഉടമയെ തേടിയെത്തിയ എന്‍റെ നോട്ടം നിന്‍റെ വിഷാദം നിറഞ്ഞ കണ്ണുകളിലെത്തി നിന്നു. ബാംഗ്ലൂര്‍ സിറ്റിയിലെ ഒരു ഉദ്യാനത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ട് നിന്‍റെ കണ്ണുകള്‍ ആരെയോ തേടുന്നുണ്ടായിരുന്നു.

ഒരുപക്ഷെ അന്ന് നിന്‍റെ കണ്ണുകള്‍ ഒരു നിമിഷം എന്‍റെ മുഖത്തേക്ക് തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നിതെഴുതാന്‍ ഞാന്‍ ജീവനോടെ ഉണ്ടാകില്ലാരുന്നു. കാരണം മരണത്തെ മാത്രം പ്രണയിച്ചിരുന്ന എന്‍റെ മനസ്സില്‍ നീയൊരു കുളിര്‍മഴയായി പെയ്തില്ലായിരുന്നുവെങ്കില്‍ ഞാനെന്നേ ആറടി മണ്ണില്‍ നിദ്രയില്‍ ലയിച്ചേനെ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് വഴുതിമാറിയ എനിക്ക് പ്രണയം എന്ന വാക്കിന്‍റെ സുഖവും, വേദനയും പഠിപ്പിച്ച് തന്നത് നീയാണ്.

നീയെനിക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് ഞാന്‍ കണ്ടെത്തിയ ഉത്തരം, നീയെനിക്കൊരു കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു. എപ്പോളും എന്‍റെ വിരലില്‍ തൂങ്ങി വാ തോരാതെ വര്‍ത്താനം പറഞ്ഞോണ്ട് നടക്കുന്ന നിന്‍റെ മുഖം ഒരു കൊച്ചു കുട്ടിയുടെതുപോലെ ഓമനത്തം നിറഞ്ഞതായിരുന്നു. ഏകാന്തമായ വഴികളിക്കൂടി നിന്നോട് ചേര്‍ന്ന് നടക്കുമ്പോള്‍ എനിക്കിഷ്ട്ടം വിഷാദം നിറഞ്ഞ നിന്‍റെ കണ്ണുകള്‍ പറയുന്ന കഥകള്‍ കേള്‍ക്കാനായിരുന്നു. അപ്പോളൊക്കെ നീയറിയാതെ ഞാന്‍ നെയ്തുകൂട്ടിയ സ്വപ്‌നങ്ങള്‍ ഒരിക്കല്‍ യാധ്യാര്‍ത്യമാകുമെന്നു വിചാരിച്ച എനിക്ക് തെറ്റിയെന്നു തിരിച്ചറിഞ്ഞപ്പോലെക്കും ഏറെ വൈകിപ്പോയിരുന്നു.

ഒരു കൊച്ചുകുട്ടിയെപ്പോലെ മാത്രം എന്നോട് സംസാരിച്ചിരുന്ന നീ അന്ന് വളരെ പക്വതയോടെ സംസാരിക്കുന്നതായി തോന്നി. അന്ന് നിന്‍റെ കണ്ണുകളില്‍ വിഷാദത്തിന് പകരം ഞാന്‍ കണ്ടത് പുച്ഛമായിരുന്നു, എന്‍റെ ജീവനെക്കാളെറെ നിന്നെ സ്നേഹിച്ച എന്‍റെ പ്രണയത്തോടുള്ള പുച്ഛം. എന്‍റെ പ്രണയം നിനക്കൊരു ബാധ്യതയാണെന്നു പറഞ്ഞ നിമിഷം എന്‍റെ കണ്ണുകളില്‍ ഇരുട്ട് കേറിയിരുന്നു. ആ ഇരുട്ടറകളുടെ കോണുകളിലെവിടെയൊ പണ്ട് ഞാനുപേക്ഷിച്ച മരണം എന്ന എന്‍റെ പ്രണയിനിയെ ഞാന്‍ വീണ്ടും കണ്ടു.

ഇന്ന് നീയെവിടെയെന്നുപോലും എനിക്കറിയില്ല പക്ഷെ ഒരിക്കല്‍ എന്‍റെ മനസ്സില്‍ ചാറ്റല്‍ മഴയായ് പെയ്തിറങ്ങിയ നിന്നെ തേടി മഴ പെയ്യുന്ന എല്ലാ രാവുകളിലും ഡയറി താളുകളില്‍ കോറിയിട്ട എന്‍റെ ഹൃദയവുമായി ഞാന്‍ കാത്തിരിക്കാറുണ്ട്, മഴയെ പ്രണയിക്കുന്ന നിലാവായി.
ജോബിന്‍ പോള്‍ വര്‍ഗീസ്‌
Saturday, 10 August 2013

മത്തായി ചേട്ടനും , കണ്‍വെന്‍ഷനും



നമ്മുടെ തോമസ്‌ അച്ഛന്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ സെന്‍റെര്‍ ആണ് വേദി, അച്ഛന്‍ മുന്നിലിരിക്കുന്ന എല്ലാ കുഞ്ഞാടുകളെയും ദൈവത്തിന്‍റെ വഴിക്ക് നയിക്കുവാന്‍ പാപത്തെക്കുറിച്ചുള്ള ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. അച്ഛന്‍റെ മുന്നിലിരിക്കുന്ന ഓരോ കുഞ്ഞാടും ഓരോ പാപം കേക്കുമ്പോളും അടുത്തിരിക്കുന്ന കുഞ്ഞാടിനെ നോക്കി പുചിച്ചു ചിരിച്ചുകൊണ്ട് വീണ്ടും അടുത്ത പാപം ഏതെന്നറിയാന്‍ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ അച്ഛനെ നോക്കിയിരുന്നു

അച്ഛന്‍ പതിവ് പോലെ പത്തു കല്‍പ്പനകളില്‍ പിടിച്ചുകൊണ്ടാണ് പാപത്തെക്കുറിച്ചു ക്ലാസ് എടുത്തുകൊണ്ടിരുന്നത്. അച്ഛന്‍ പത്തു കല്‍പ്പനകളില്‍ ഒമ്പതാമത്തെ കല്‍പ്പന മുന്നിലിരിക്കുന്ന കുഞ്ഞുആടുകളെ നോക്കി ശാന്തമായി പറഞ്ഞു

''സഹോദരരെ ഇതാണ് ഒമ്പതാമത്തെ കല്‍പ്പന - നീ അന്യന്‍റെ ഭാര്യയെ മോഹിക്കരുത്''

ഇതുപറഞ്ഞു അച്ഛന്‍ ആ പാപതെക്കുറിച്ച് ഒരു ചെറു വിവരണം നല്‍കാന്‍ വാ തുറക്കുകയും മുന്നിലത്തെ നിരയില്‍ അഞ്ചാമത്തെ സീറ്റില്‍ സാമാന്യം മോശമില്ലാതെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന മത്തായി ചേട്ടന്‍ ഞെക്കുമ്പോ തുറക്കുന്ന കുടപോലെ ചാടി എഴുന്നേല്‍ക്കുകയും ഒരുമിച്ചായിരുന്നു. ഇതുകണ്ട രസികനായ അച്ഛന്‍ മത്തായി ചേട്ടനോട് ചോദിച്ചു.

''എന്നാ പറ്റി മത്തായിചെട്ടാ ഉറക്കത്തിനിടയില്‍ വല്ല മൂട്ടയും കടിച്ചോ............?''

മത്തായി ചേട്ടന്‍ : ''അതല്ലച്ചോ എനിക്കൊരു സംശയം ചോദിക്കാനുണ്ട്''

ഒരാളേലും തന്‍റെ ക്ലാസ്സ്‌ കേക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ഹാപ്പി ആയ അച്ഛന്‍ അതുപുറത്തു കാണിക്കാതെ ഗൌരവത്തോടെ ചോദിച്ചു

''ആട്ടെ. മത്തായി ചേട്ടാ എന്നതാ ചേട്ടന്‍റെ സംശയം......?''

മത്തായി ചേട്ടന്‍ : ''അച്ചോ ഈ ഒമ്പതാമത്തെ കല്‍പ്പനയില്‍ എന്നാത്തിനാ അന്യന്‍റെ ഭാര്യയെ മോഹിക്കാന്‍ പാടില്ലാ എന്ന് മാത്രം പറഞ്ഞെക്കുന്നെ.......? അപ്പൊ അതിനര്‍ത്ഥം  പെണ്ണുങ്ങക്ക് അന്യരുടെ ഭര്‍ത്താക്കന്മാരെ മോഹിക്കാം എന്നല്ലായോ.............?''

അപ്പോളാണ് മത്തായിചെട്ടന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റത് തനിക്കിട്ടു എട്ടിന്‍റെ പണിതരാന്‍ ആണെന്ന് അച്ഛന് മനസിലായത്, എങ്കിലും തനതു പുഞ്ചിരിയോടെ അച്ഛന്‍ പറഞ്ഞു

''അത് ഞാന്‍ പറഞ്ഞുതരാം തല്‍ക്കാലം മത്തായി ചേട്ടന്‍ അവിടിരുന്നാട്ടെ''

ഇത് കേട്ട താമസം, മത്തായി ചേട്ടന്‍ നിവര്‍ത്തിയ കുട മടക്കിയതുപോലെ തന്നെ അച്ഛന്‍ പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.

കുറച്ചു നേരം ആ ചിരി നിര്‍ത്താതെ മനസ്സില്‍ കര്‍ത്താവിനെ വിളിച്ചുകൊണ്ടു അച്ഛന്‍ പറഞ്ഞു തുടങ്ങി- ''മത്തായി ചേട്ടന്‍ ഇന്നീ കണ്‍വെന്‍ഷനു വരുവെന്നും, എന്നോടീ ചോദ്യം ചോദ്യം ചോദിക്കുവെന്നും കര്‍ത്താവിന് നേരത്തെ അറിയാരുന്നു''

ഇത്രയും പറഞ്ഞുനിര്‍ത്തിയ അച്ഛന്‍ അതുകേട്ടു വാ പൊളിച്ചിരുന്ന മത്തായി ചേട്ടനെ നോക്കി ഇങ്ങനെ ചോദിച്ചു.

''ഞാന്‍ മത്തായി ചെട്ടനോടൊരു ചോദ്യം ചോദിച്ചാ ചേട്ടന്‍ സത്യം പറയാവോ...............?''

മത്തായി ചേട്ടന്‍ : '' ആ പറയാം അച്ചോ''

അച്ഛന്‍ : ''മത്തായി ചേട്ടന്‍റെ കയ്യില്‍ ഉള്ളപ്പോ മത്തായി ചേട്ടന് ഒരു വിലയും തോന്നാത്തതും എന്നാല്‍ മറ്റൊരാളുടെ കയ്യില്‍ കാണുമ്പോ ആഗ്രഹിക്കുന്നതുമായ ഒരു സാധനത്തിന്‍റെ പേര് പറയാവോ...?''

മത്തായി ചേട്ടന്‍ : ആ പറയാം അച്ചോ, അങ്ങനെ എനിക്ക് തോന്നിയ ഒരു സാധനത്തിന്‍റെ പേരാണ് ഭാര്യ''

ഇതുകേട്ട് ചിരിച്ച സദസ്സിനോപ്പം തനിക്കുവന്ന ചിരി പുറത്തു കാണിക്കാതെ അച്ഛന്‍ ചോദിച്ചു.

''അപ്പൊ മത്തായി ചേട്ടന്‍റെ ഭാര്യയോടു ഇതേ ചോദ്യം ചോദിച്ചാ പുള്ളിക്കാരി വീട്ടില്‍ വച്ച് പറഞ്ഞാലും ഇത്രയും പേരുടെ മുന്നില്‍ വച്ച് അങ്ങനെ പറയൂന്നു തോന്നുന്നുണ്ടോ......?''

പെണ്ണുമ്പുള്ളയെ ഒന്ന് നോക്കിയശേഷം മത്തായി ചേട്ടന്‍ പറഞ്ഞു

''ഇല്ലച്ചോ''

അപ്പൊ അച്ഛന്‍ പറഞ്ഞു - ''അതാണ്‌ മത്തായി ചേട്ടോ ദൈവത്തിനറിയാം ആണുങ്ങള്‍ പരസ്യമായി അന്ന്യന്‍റെ ഭാര്യയെ മോഹിക്കുകയും, ചില സ്ത്രീകള്‍ മാത്രം രഹസ്യമായി അന്യരുടെ ഭര്‍ത്താക്കന്മാരെ മോഹിക്കുകയും ചെയ്യുമെന്ന്. അതുകൊണ്ടാണ്‌ ദൈവം ഒമ്പതാമത്തെ കല്‍പ്പന 'അന്യന്‍റെ ഭാര്യയെ മോഹിക്കരുത്' എന്നെഴുതിവച്ചത്‌. എന്തെന്നാല്‍ ആണുങ്ങള്‍ മൊത്തം ഈ കല്‍പ്പന പാലിച്ച് മറ്റുള്ളോരുടെ ഭാര്യമാരെ നോക്കാതിരുന്നാല്‍ പിന്നെ സ്ത്രീകള്‍ മോഹിചാലും രക്ഷയില്ലല്ലോ. മത്തായി ചേട്ടോ ഇത് ദൈവം പുരുഷന്മാര്‍ക്ക് തന്നൊരു അവസരമാണ്, അപ്പൊ ഇനി മത്തായി ചേട്ടന്‍ അന്യന്‍റെ ഭാര്യയെ മോഹിക്കുവോ....?"

മത്തായി ചേട്ടന്‍ : ''ഇല്ലച്ചോ''

അച്ഛന്‍ : ''അപ്പൊ മത്തായി ചേട്ടന് കാര്യം പിടികിട്ടി. അങ്ങനെ എല്ലാവര്‍ക്കും ഒമ്പതാമത്തെ കല്‍പ്പന പിടികിട്ടി എന്ന വിശ്വാസത്തോടെ നമുക്ക് അടുത്തതിലേക്ക് നീങ്ങാം''

ഇതുകേട്ട് അടുത്തുള്ള കുഞ്ഞാടിനെ നോക്കി പുച്ചിച്ച് ചിരിക്കാതെ എല്ലാ കുഞ്ഞാടുകളും അച്ഛനെ നോക്കിപുഞ്ചിരിച്ചു

അതുകണ്ട് അച്ഛന്‍ അന്നത്തെ പ്രസംഗം വേഗം മതിയാക്കി പള്ളി മേടയിലേക്ക് ഓടിയപ്പോള്‍ മത്തായി ചേട്ടന്‍റെ മനസ്സില്‍ മുഴുവന്‍ വീട്ടില്‍ വെട്ടുകത്തിയുമായി നിക്കുന്ന കെട്ടിയവളുടെ മുഖമായിരുന്നു

Saturday, 20 July 2013

നിലാമഴ



എന്‍റെ മുറിയുടെ അരികിലെ ജനാല കമ്പികളിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളില്‍ വിഷാദം നിറഞ്ഞൊരു മുഖം തെല്ലിട ഞാന്‍ കണ്ടു.

ആ മിഴികള്‍ എന്തിനോവേണ്ടി പരതി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇന്നലകളാ മിഴികള്‍ക്ക് സമ്മാനിച്ച നീയെന്ന സത്യവും, ആ മുഖത്തെ മായാത്ത പുഞ്ചിരിയും എന്നെന്നേക്കുമായി ഓടിമറഞ്ഞിരുന്നു, അങ്ങ് ദൂരെ ഇരുട്ടിന്‍റെ ലോകത്ത് തന്‍റെ ഉടമക്കായ് വിരുന്നൊരുക്കാന്‍...!!!

''(മഴ പെയ്യുന്ന എല്ലാ രാവുകളിലും ഞാന്‍ വരും, മഴയെ പ്രണയിക്കുന്ന നിലാവായി)''
Thursday, 6 June 2013

ഒരിക്കലും ചതിക്കാത്തവള്‍

  മുന്‍ ജന്മങ്ങളും, വരും ജന്മങ്ങളും ഉണ്ടെന്നു പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. ആകെയുള്ളത് ഒരേയൊരു ജീവിതം. കാത്തിരിക്കുന്നതോ ഒരേയൊരു മരണം. ആ ചെറിയ ഇടവേളയില്‍ പലരെയും കണ്ടുമുട്ടുന്നു, പലരോടും സംസാരിക്കുന്നു, പലരെയും ഇഷ്ട്ടപ്പെടുന്നു, പലരെയും വെറുക്കുന്നു, പലരെയും തല്ലുന്നു, പലരുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്നു. പക്ഷെ ഒരാളെ മാത്രം പ്രണയിക്കുന്നു.

എന്ത്കൊണ്ട് ആ ഒരേ ഒരു പ്രണയം മരണത്തോട് തോന്നിക്കൂടാ. ഞാനിത് പറയുമ്പോള്‍ പല '' പോസിറ്റീവ് '' ബുജികളും എന്നെ ചാടിക്കടിക്കാന്‍ വരും. പക്ഷെ ഒന്നാലോചിക്കുക നമ്മുടെ ജീവിതത്തില്‍ ഭയം കടന്നുവരുന്നത്‌ എന്തുകൊണ്ടാണ് മരണത്തെ ഭയക്കുന്നതുകൊണ്ട്, മറിച്ചു മരണത്തെ പ്രണയിക്കുന്നവനു ഭയമില്ല. കാരണം അത് വരേണ്ട സമയത്ത് വരും നമ്മള്‍ എത്ര പേടിച്ചാലും..

അതുകൊണ്ട് ഞാന്‍ മരണത്തെ പ്രണയിക്കുന്നു, ഒരിക്കലും വറ്റാത്ത നീരുറവയായി ആ പ്രണയം എന്നില്‍ അവശേഷിക്കും അവള്‍ എന്നെ പുല്‍കുംവരെ....!!!
Thursday, 9 May 2013

എന്നെ മയക്കിയ ആ പുഞ്ചിരി !!


ഒരു നിലാവ് പെയ്യുന്ന രാത്രിയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. ആ വഴിവിളക്കിന്‍റെ ചുവട്ടില്‍ അവള്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു. പുഞ്ചിരി തുളുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍, പക്ഷെ ആ പുഞ്ചിരിയിലൂടെ അവള്‍ എന്തൊക്കെയോ മറക്കുന്നുണ്ടെന്നു തോന്നി. ആ പുഞ്ചിരിയാണ് ഇന്നത്തെ എന്നെ ഞാനാക്കി മാറ്റിയത്.

അതൊരു ബസ്‌ സ്റ്റോപ്പ്‌ ആയിരുന്നു. അവിടെ കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവില്‍ നക്ഷത്രങ്ങല്‍ക്കിടയിലെ ചന്ദ്രബിംബം എന്നപോലെ അവളുടെ പുഞ്ചിരി മുന്നിട്ടു നിന്നു. ഞാനവളുടെ അരികില്‍ പോയി നിന്നപ്പോള്‍, അവളോട്‌ ഒന്ന് സംസാരിക്കുവാന്‍ എന്‍റെ മനസ് ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെയുള്ളിലെ അപകര്‍ഷതാ ബോധം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പക്ഷെ എപ്പോളോ വീണ്ടുകിട്ടിയ ധൈര്യത്തില്‍ ഞാനവളോട് ഒരു ഹായ് പറഞ്ഞു.

പീഡനം ഒരു ഹോബി ആക്കിയ നമ്മുടെ ഇന്ത്യയില്‍ എന്നെപ്പോലൊരു ചെറുപ്പക്കാരന്‍ സന്ധ്യാസമയത്ത് ചെന്ന് ഹായ് പറയുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും ചെയ്യുന്നതുപോലെ അവള്‍ മുഖം വക്രിച്ചു എന്നെ രൂക്ഷമായൊന്നു നോക്കി. പണ്ട് ന്യൂട്ടന്‍ ആപ്പിള്‍ മരത്തിന്‍റെ കീഴില്‍ ഇരുന്നില്ലായിരുന്നെങ്കില്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിക്കില്ലായിരുന്നല്ലോ എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാവവളുടെ അടുത്ത് നിന്നു. പക്ഷെ ആപ്പിളിന് പകരം ഞാന്‍ പ്രതീക്ഷിച്ചു ചെരുപ്പ് ആരുന്നു.

പക്ഷെ എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതുപോലെ അപ്പോള്‍ പെട്ടെന്നൊരു കാര്‍ അതിലെ പോവുകയും, അതിന്‍റെ ശക്തിയില്‍ വീശിയ കാറ്റിലെ പൊടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ പെട്ടെന്ന് പുറകോട്ടു നീങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷെ നീങ്ങി നിന്നവഴിക്കു അവള്‍ എന്നെ അറിയാതെയൊന്നു തട്ടി. പെട്ടെന്ന് അവള്‍ എന്നെ നോക്കി ഒരു സോറി ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്നേ ഞാനവളോടൊരു സോറി ചോദിച്ചു. അതുകേട്ട് അവളൊന്നു പുഞ്ചിരിച്ചു.

ആ പുഞ്ചിരിയില്‍ വീണ്ടുകിട്ടിയ പ്രചോദനത്തില്‍ ഞാനവളോട് സംസാരിക്കാന്‍ തുടങ്ങി. പൊതുവേ ആരെയും സംസാരിച്ചു വീഴ്ത്താന്‍ കഴിവില്ലാത്ത എന്‍റെ സംസാരം അവള്‍ക്കിഷ്ട്ടപ്പെട്ടതുപോലെ തോന്നി. ഞാനവളോട് വാ തോരാതെ സംസരിച്ചുവെങ്കിലും അവള്‍ മറുപടികളില്‍ പലതും ഒരു പുഞ്ചിരിയില്‍ ഒതുക്കി. ഒരാണ് ചിരിച്ചാല്‍ അതിനു ഒരു അര്‍ത്ഥവും, ഒരു പെണ്ണ് ചിരിച്ചാല്‍ അതിനു ഒരായിരം അര്‍ത്ഥങ്ങളും ഉണ്ടാകും എന്ന് എവിടെയോ കേട്ടിട്ടുള്ളതുകൊണ്ടു ഞാനവളോട് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല.

എന്‍റെ പല ചോദ്യങ്ങളും അവളെ വേദനിപ്പിക്കുന്നുണ്ടെന്ന് അവളുടെ കണ്ണുകള്‍ എന്നോട് പറഞ്ഞുവെങ്കിലും അതവള്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവച്ചു. ആദ്യ കാഴ്ചയില്‍ തോന്നുന്ന പ്രണയത്തിനു എത്രത്തോളം ആഴമുണ്ടാകും എന്നറിയില്ലായിരുന്നുവെങ്കിലും. എനിക്കവളോട്, അല്ല അവളുടെ പുഞ്ചിരിയോട്‌ തോന്നിയത് അങ്ങനൊരു പ്രണയമായിരുന്നു. പക്ഷെ സംസാരത്തിനിടയില്‍ എവിടെയോ അവള്‍ പ്രണയത്തെ വെറുക്കുന്നു എന്ന് പറഞ്ഞതിനാല്‍ ഞാന്‍ എന്‍റെ പ്രണയത്തെ എന്‍റെ ഹൃദയമാകുന്ന ചില്ലുകൂട്ടില്‍ ഒളിപ്പിച്ചു വച്ചു.

പക്ഷെ ഞാന്‍ പറയാതെ അവളെന്നെ അറിയുന്നുണ്ടായിരുന്നു. അവളതു ദ്വയാര്‍ത്ഥമുള്ള വാക്കുകളില്‍ കൂടി പ്രകടിപ്പിക്കുകയും ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ അവളെന്നോട് വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി. ഇവള്‍ എന്‍റെ പെണ്ണാണ് എന്ന് മനസ്സില്‍ ആരോ പറയുന്നുണ്ടെങ്കിലും അവളുടെ പുഞ്ചിരി മായാതിരിക്കാന്‍ ഞാനത് മറച്ചു വച്ചു. കാരണം അത്രയും സമയംകൊണ്ട് അവളെനിക്കു ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു. അവളിലെ എന്‍റെ കാമുകിയെക്കാളേറെ അവളിലെ സുഹൃത്തിനെ ഞാന്‍ ആഗ്രഹിച്ചു.

പക്ഷെ എപ്പോഴോ എന്‍റെ വായില്‍  നിന്ന് അറിയാതെ വീണുപോയ എന്‍റെ പ്രണയത്തിനു അവള്‍ വീണ്ടും ഒരു പുഞ്ചിരിയിലൂടെ ഉത്തരം നല്‍കി. എങ്കിലും ആ പുഞ്ചിരിയില്‍ അവള്‍ ഒളിപ്പിച്ചുവച്ചത് എനിക്ക് മനസിലാക്കാന്‍ പാകത്തിനുള്ള അവളുടെ പ്രണയമായിരുന്നു. പക്ഷേ കണ്ടും കേട്ടും കൊതിതീരുന്നതിനു മുന്നേ അവള്‍ കാത്തുനിന്ന ബസ്‌ എത്തിക്കഴിഞ്ഞിരുന്നു. ആ ഡ്രൈവറെ മനസ്സില്‍ പ്രാകിക്കൊണ്ട്‌ അവളോട്‌ ബൈ പറയുമ്പോള്‍ എന്‍റെ ഹൃദയം അവള്‍ പറിചെടുത്തുകൊണ്ട് പോകുന്നതുപോലെ തോന്നി.

ഒടുവില്‍ ആര്‍ക്കോ വായുഗുളിക വാങ്ങാനെന്ന പോലെ ആ ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ അവളെന്നെ തിരിഞ്ഞുനോക്കി. ആപ്പോള്‍ ആ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു...... എന്നോട് പറയാതെ ബാക്കിവെച്ച അവളുടെ സങ്കടങ്ങളുടെ കൂടെ എന്നോടുള്ള പ്രണയവും ഒളിപ്പിച്ചു അവള്‍ പോയി..........

Sunday, 28 April 2013

അവന്‍റെ സ്വപ്നം

 
അവനൊരു വിമര്‍ശകനോ നിരൂപകനോ അല്ലെങ്കില്‍ ഒരു ബുദ്ധിജീവിയോ അല്ല. പക്ഷെ അവനു സ്വയം വിമര്‍ശിക്കാന്‍ ഇതൊന്നും ആകേണ്ട ആവശ്യമില്ലല്ലോ. പകലന്തിയോളം തെരുവ് തെണ്ടി കിട്ടുന്നതു മുഴുവന്‍ തന്നെ ഇതിനായി ഉപയോഗിക്കുന്നവര്‍ക്ക് കൊടുത്ത് അരവയറുമായി ബോധം കെട്ടുറങ്ങുന്ന തെരുവിന്‍റെ മക്കള്‍ക്ക്‌ നാളയെക്കുറിച്ച്‌ ഒരു പ്രതീക്ഷയുമില്ല.

പക്ഷെ അവന്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത് വളരെയേറെ പ്രതീക്ഷലുമായ് ആയിരുന്നു. പതിവുപോലെ അവന്‍റെ സ്വപ്നത്തില്‍ അവനു നടന്നു കയറുവാനുള്ള ചവിട്ടു പടികള്‍ അവനെ മാടി വിളിച്ചു. കയറുന്തോറും എണ്ണം കൂടിവരുന്ന ആ പടികളില്‍ അവന്‍ തളര്‍ന്നിരുന്നപ്പോള്‍ പ്രതീക്ഷകള്‍ വീണ്ടും കയറുവാന്‍ പ്രലോഭിപ്പിച്ചു. ഉയരങ്ങളില്‍ എത്തിച്ചേരുവാനുള്ള അവന്‍റെ ആഗ്രഹം അവന്‍റെ ക്ഷീണത്തെ ഇല്ലാതാക്കി.

ഓരോ പടി കയറുന്തോറും അവന്‍റെ മുന്നില്‍ ഈ ലോകത്തിന്‍റെ ആഡംബരങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. എങ്കിലും അവനെ നയിച്ച പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ മുന്നോട്ടു ആനയിച്ചുകൊണ്ടെയിരുന്നു. യാഥാര്‍ത്യവും സ്വപ്നവും തിരിച്ചറിയാതെ അവനാ പടികള്‍ ഓരോന്നായി ചവുട്ടിക്കയറി.

ഇടയ്ക്കു വച്ചു അവന്‍ തന്നെ അകര്‍ഷിച്ച പലതിലേക്കും തിരിഞ്ഞു നോക്കിയെങ്കിലും പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു, കാരണം അവനായി കാത്തുവച്ചിരുന്ന സൌഭാഗ്യങ്ങളിലേക്ക് എത്തുവാന്‍ അവനിനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. തന്നെപ്പോലെ കയറി തുടങ്ങിയവര്‍ പലരും വഴിയില്‍ തളര്‍ന്നു വീഴുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു. പക്ഷെ തന്നെ നയിച്ച പ്രതീക്ഷയുടെ തണലില്‍ അവന്‍റെ ക്ഷീണമെല്ലാം വിട്ടുമാറി.

അങ്ങനെ പടികള്‍ കയറുന്നതിനിടയിലാണ് അവന്‍ അവളെ കണ്ടുമുട്ടിയത്‌. അവള്‍ എന്ന് പറഞ്ഞാല്‍ ഒരു മാലാഖക്കുട്ടി. അവള്‍ കരയുകയായിരുന്നു, അവനെപ്പോലെ അവളും തന്‍റെ ലക്ഷ്യസ്ഥാനം തേടിയിറങ്ങിയതാണ്. ഒടുവില്‍ വഴിതെറ്റി ആരുമില്ലാതെ, എങ്ങോട്ട് പോകണമെന്നറിയാതെ അവള്‍ കരയുന്നു. കരഞ്ഞു തളര്‍ന്ന അവളുടെ കണ്ണുകള്‍ ആ സൌന്ദര്യത്തിന്‍റെ മാറ്റ് കൂട്ടിയതായി അവന് തോന്നി. അതവനില്‍ അനുരാഗത്തിന്‍റെ വിത്ത് പാകി. പക്ഷെ അവന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി അവനെ തടഞ്ഞു.

എങ്കിലും തന്‍റെ ദ്രിഷ്ട്ടിയില്‍ പതിഞ്ഞ ആ പ്രണയത്തെ വിട്ടുപോകാന്‍ അവനു മനസുവന്നില്ല. തന്‍റെ പ്രതീക്ഷകളുടെ വിലക്ക് മറികടന്നു അവന്‍ അവളുമായി താഴേക്കിറങ്ങി. കേറിയ പടികള്‍ ഇറങ്ങുന്തോറും അവളുടെ മുഖം സന്തോഷത്താല്‍ നിറയുന്നത് അവന്‍ ശ്രദ്ധിച്ചു. അപ്പോള്‍ അവന്‍ തന്‍റെ അനുരാഗം അവളോട്‌ തുറന്ന് പറഞ്ഞു. ക്ഷണികവും കൃത്രിമവും ആയ എതിര്‍പ്പുകല്‍ക്കൊടുവില്‍ അവള്‍ അവനു തന്‍റെ ആദ്യ പ്രണയ ചുംബനം കൈമാറി.

പക്ഷെ ആ സന്തോഷത്തിനു വിരാമമിട്ടുകൊണ്ട് അവളുടെ ലക്ഷ്യസ്ഥാനത് അവരെത്തിചെര്‍ന്നു. തന്‍റെ ജീവിതം തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അവനു തന്‍റെ അവസാന ചുംബനവും നല്‍കി പറന്നു പോയി. അവള്‍ക്കിപ്പോള്‍ തന്‍റെ ജീവിതം തിരിച്ചുകിട്ടി. എങ്കിലും അവന്‍ തന്‍റെ യാത്ര തുടരുവാന്‍ നോക്കി. അപ്പോള്‍ മാത്രമാണവന്‍ ഒരിക്കല്‍ തിരിച്ചിറങ്ങിയ പടികള്‍ വീണ്ടും കയറുവാന്‍ സാധിക്കുകയില്ല എന്ന സത്യം തിരിച്ചറിഞ്ഞത്.

അവന്‍ ദൂരേക്ക്‌ നോക്കി. അതാ അങ്ങുദൂരെ തനിക്കെത്തിചെരേണ്ട അവസാന പടിയുടെ തൊട്ടുതാഴെ തന്‍റെ പ്രതീക്ഷയുടെ കാവല്‍ക്കാരി നിക്കുന്നു. ഒരു പടിയുടെ താഴെവച്ച് അവള്‍ക്കുവേണ്ടി താന്‍ എറിഞ്ഞുടച്ചത്‌ തന്‍റെ ജീവിതവും പ്രതീക്ഷകളുമാനെന്നു അവന്‍ അപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. അത് കാണാനാവാതെ അവന്‍ തന്‍റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോളേക്കും യാധര്ത്യതിലും സ്വപ്നത്തിലും അവന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞ് കഴിഞ്ഞിരുന്നു.

അപ്പോളും അവന്‍ അവളെ വെറുത്തിരുന്നില്ല...!!
Friday, 12 April 2013

കിളി പോയി

കിളി പോയി
===========

(ഗദ്ഗദം:-- അതൊരു ഒന്നൊന്നര പോക്കായിപ്പോയി )

അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്..... ഏതു......?

റൂമില്‍ നിന്നിറങ്ങുമ്പോള്‍ കാള്‍ വന്നു, പടം ഹൌസ് ഫുള്‍ ആയിരിക്കും എന്ന്. കൂടെയുള്ള ഒരുത്തനെ രാവിലെ കുത്തിപ്പൊക്കി ടിക്കറ്റ്‌ എടുക്കാന്‍ വിട്ടിരുന്നു. പക്ഷെ സൂര്യന്‍ നെറുകംതലയില്‍ വന്നാലും എണീക്കാതവന്മാര്‍ എല്ലാം ഇന്ന് രാവിലെ എണീറ്റ്‌ അതിന്‍റെ മുന്നില്‍ ക്ഷമയോടെ കാത്ത് നീല്പ്പുണ്ടായിരുന്നു. ഇത്രയും ക്ഷമ നമ്മുടെ നാട്ടിലെ ബിവറെജിന്‍റെ മുന്നില്‍ പോലും കാണുകേല.

കിട്ടിയ ബസിനു ചാടി കയറി ഞങ്ങള്‍ എല്ലാം കൂടെ പടം കാണാന്‍ പുറപ്പെട്ടു. അങ്ങനെ തീയേറ്ററിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലവന്‍ ദോണ്ട് ഏറ്റവും പുറകില്‍ മറ്റേ ‘’ ലത് ‘’ പോയ അണ്ണാനെ പോലെ നിപ്പുണ്ടാരുന്നു. അവന്‍റെ ലത് എങ്ങോട്ട് പോയി എന്ന് നോക്കുന്നതിനിടയില്‍ ആണ്, അവളെ ഞാന്‍ കണ്ടത.....!!!

ആരെ.....?

അത് തന്നെയാണ് ഞാനും നോക്കുന്നത് ആരാണവള്‍. എല്ലാ സിനിമകളിലും നായകന്‍ നായികയെ കണ്ടു മുട്ടുമ്പോള്‍ ഉള്ളതുപോലെ ഒരു ചെറിയ ചാറ്റല്‍ മഴ പെയ്തു. മുന്നിലുള്ള മരങ്ങളിലെ ഇലകള്‍ എല്ലാം സ്ലോ മോഷനില്‍ കൊഴിഞ്ഞു വീണു. അവളുടെ മിഴികള്‍ മൊബൈലില്‍ എന്തിനോ വേണ്ടി തപ്പി നടക്കുന്നുണ്ടായിരുന്നു.

അവളുടെ പനംകുല പോലത്തെ കാര്‍ക്കൂന്തല്‍ ആ ഇളം കാറ്റില്‍ ഒന്ന് ആടി, അവള്‍ ആ മതിലില്‍ ചാരി നിന്ന് അക്ഷമയോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ധൂം സിനിമയില്‍ ഉദയ് ചോപ്ര കണ്ടതുപോലെ ഞാനും കണ്ടു തലയുടെ മോളില്‍ ഒരു വട്ടത്തില്‍ ഞാനും അവളും, രണ്ട് സൈഡില്‍ ആയി രണ്ട് പിറുങ്ങാണികളും.

പെട്ടെന്ന് അവള്‍ക്കൊരു കാള്‍ വന്നതും, അവളുടെ മുഖം സന്തോഷത്താല്‍ ചുമന്നു തുടുതു. എന്നെച്ചു എന്നെ നോക്കി ഹൈ വോള്‍ട്ടേജില്‍ ഒരു പുഞ്ചിരി. അപ്പോള്‍ തട്ടത്തിന്‍മറയത്തില്‍ നിവിന്‍ പൊളി നിന്നതുപോലെ കണ്ണുമടച്ചു ഞാനുമൊന്നു നിന്നുപോയി. കണ്ണ് തുറന്നപ്പോള്‍ ദേ ഒരുത്തന്‍ സ്ലോ മോഷനില്‍ എന്‍റെ മുന്നില്‍ കൂടെ പോകുന്നു. ലവള്‍ അവനെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. എന്നെച്ചു രണ്ടും കൂടി എങ്ങോട്ടോ നടന്നു പോകുന്നു. ഇതെല്ലാം ഒറ്റ നോട്ടത്തില്‍ ഐ.സി.യു വില്‍ ബോധം ഇല്ലാതെ കിടക്കുന്നവന്‍ ഫ്ലാഷ് ബാക്ക് സ്വപ്നം കാണുന്നതുപോലെ ഞാന്‍ കണ്ടു.

അവള്‍ പോയപ്പോ ആണ് അവള്‍ ചാരി നിന്ന മതിലിലെ സിനിമാ പോസ്റ്ററിലെ പേര് ഞാന്‍ കണ്ടത് അതിങ്ങനെ ആയിരുന്നു

‘’ കിളി പോയി ‘’ , ( കിളി ചുമ്മാ പോയതല്ല കിളിയെ ആ കാര്‍ക്കോടകന്‍ അടിചോണ്ടുപോയി )

അപ്പോളാണ് ഇത്രയും നേരം ഞാന്‍ സ്ലോ മോഷനില്‍ പെയ്യുന്ന മഴയും, പൊഴിഞ്ഞു വീഴുന്ന ഇലകളും റോഡിന്‍റെ നടുക്ക് അവളെ വായീ നോക്കി നിന്ന എന്നെ എല്ലാരും കൂടെ നല്ല എ ക്ലാസ്സ്‌ തെറി വിളിച്ചതാണെന്നു മനസിലായത്.

ചമ്മിയത് പുറത്തു കാണിക്കാതെ, ആദ്യമായി ഭൂമ്യിലേക്ക് വന്ന അന്യഗ്രഹ ജീവിയെപ്പോലെ ഞാന്‍ തീയേറ്ററിലേക്ക് നടന്നു.. :D
Wednesday, 10 April 2013

ചിന്തകള്‍ വഴി മാറാന്‍ തുടങ്ങിയിരിക്കുന്നു


വരച്ചു പൂര്‍ത്തിയാക്കാത്ത ചിത്രത്തില്‍ നിന്നൊലിച്ചിറങ്ങിയ ചായക്കൂട്ട് പോലെ അവ്യക്തമായി എതിലെയോ പാറി നടക്കുന്നു.
എന്നില്‍ നിന്നും ഓടിയകലുന്ന നിഴലിനോടൊരിക്കല്‍ ഞാന്‍ ചോദിച്ചിരിന്നു നിന്നെപ്പറ്റി, പക്ഷെ പരിഭവം മൂത്ത കാമിനിയെപ്പോലെ അവന്‍ ഉരിയാടാതെ നിന്നു.

കാറ്റത്ത്‌ പറത്തിവിട്ട അപ്പൂപ്പന്‍ താടി പോലെ നിലയില്ലാ കയത്തില്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകി നീങ്ങുന കളിവള്ളമാണ് എന്‍റെ ചിന്തകള്‍. കൂടെ കൂരിരുട്ടില്‍ പതിയിരിക്കുന്ന ആപത്ത് പോലെ എന്‍റെ നിഴലും.

കരിയിലയും മണ്‍കട്ടയും പോലെ സ്വന്തം നിലമറന്നു അവയെന്നോട് യുദ്ധം ചെയ്യുന്നു. കാലത്തിനനുസരിച്ച് ഓടിമറയുന്ന മേഘശകലങ്ങള്‍ പോലെ അവയെന്നില്‍ നിന്നു കൂരിരുട്ടിലേക്ക് ഓടി മറയുന്നു

എങ്കിലും ഞാനറിയുന്നില്ല എന്തിനു നിങ്ങളെന്നോടു പരിഭവം കാട്ടുന്നുവെന്ന്...

പക്ഷെ ഓര്‍ക്കുക, ഞാനില്ലെങ്കില്‍ നിങ്ങളുമില്ല എന്ന നിത്യസത്യം .......!!!


Sunday, 3 February 2013

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ നീയെനിക്കായ് ...?


ആ നിലാവുള്ള രാത്രിയില്‍ അങ്ങകലെ മിന്നിയും തെളിഞ്ഞും കത്തിക്കൊണ്ടിരുന്ന വഴി വിളക്കില്‍ നിന്നും ചിതറിയെത്തിയ അരണ്ട വെളിച്ചത്തില്‍ ഞാനവന്‍റെ മുഖം കണ്ടു. രാത്രിയുടെ മനം മടുപ്പിക്കുന്ന എക്കാന്തതയിലും അവന്‍ മയങ്ങുകയാണ്.

പെയ്തൊഴിഞ്ഞ മഴയുടെ വിടവാങ്ങലില്‍ മനം നൊന്ത മേഘശകലങ്ങളുടെ നെടുവീര്‍പ്പെന്നോണം പതിഞ്ഞ ശബ്ദത്തില്‍ മുഴങ്ങിയ

ഇടി നാദവും. അതിനു വഴിതെളിക്കാനെന്ന പോലെ മിന്നിത്തെളിഞ്ഞ കൊള്ളിയാനും അവന്‍റെ സുഖനിദ്രയെ ലവലേശം ബാധിച്ചില്ല.

രക്തദാഹിയായി അതിലെ പാറി നടന്ന ഒരു കൊതുക്, തന്‍റെ ദാഹ ശമനത്തിനായി അവന്‍റെ നെറ്റിയില്‍ പതിഞ്ഞിരുന്നപ്പോള്‍ ആ ഇക്കിളിപ്പെടുത്ത സുഖമുള്ള നേരിയ വേദന അവനെ നിദ്രയില്‍ നിന്നുനര്‍തുമോ എന്ന് ശങ്കിച്ച ഞാനതിനെ ഓടിക്കാനായി കൈകള്‍ വീശിയെങ്കിലും . അത് തന്നെ ഒന്നും ചെയ്യില്ല എന്ന മട്ടില്‍ ആ കൊതുക് തന്‍റെ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോളാണ് കട്ടിലില്‍ കിടക്കുന്ന ദേഹത്തിനു എന്നോടുള്ള രൂപ സാദ്രിശ്യം എന്‍റെ ദ്രിഷ്ട്ടിയില്‍ പെട്ടത്.

അതെ അത് ഞാന്‍ തന്നെയായിരുന്നു ......!!!

എന്നെ തന്നിലേക്ക് വലിച്ചടിപ്പിക്കുന്ന ഏതോ അജ്ഞാത ശക്തിയില്‍ നിന്നും കുതറി മാറി ആ മുഖത്തേക്ക് ഉറ്റു നോക്കിയ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു. ചലനമറ്റു കിടക്കുന്ന ആ ദേഹത്തില്‍ നിന്നും ഞാനാകുന്ന സത്തയെ ആരോ വെര്‍പെടുത്തിയിരിക്കുന്നു. എങ്കിലും മറ്റേതോ ലോകത്തിലേക്ക്‌ എന്നെ വലിച്ചടിപ്പിക്കുന്ന ആ അഞ്ജാത ശക്തിയുടെ കരവലയതിനുള്ളില്‍ കിടന്നു അവസാനമായി ആ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോള്‍ എന്‍റെ മനസിങ്ങനെ മന്ത്രിച്ചു .......

ഒരിക്കല്‍ക്കൂടി പുഞ്ചിരിക്കുമോ നീയെനിക്കായ് ..........?
Wednesday, 7 November 2012